മലപ്പുറം : എടവണ്ണ ചെമ്പക്കുത്ത് മലമുകളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ റിദാന്‍ ബാസില്‍ (28) മരിച്ചത് വെടിയേറ്റാണെന്ന് ഫൊറന്‍സിക് പരിശോധനാഫലത്തിൽ വ്യക്തമായി .യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് റിഥാന്‍ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വെടിയുണ്ടകള്‍ യുവാവിന്റെ ശരീരത്തില്‍ കയറിയെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് പുറകിലും വലിയ മുറിവുണ്ട്. കരിപ്പൂരിൽ വച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽനിന്ന് പോയ റിദാൻ ബാസിൽ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. മലയ്ക്ക് മുകളില്‍ എന്താണ് സംഭവിച്ചത്, കൊലപാതകത്തിന് പിന്നില്‍ ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

