Sunday, December 14, 2025

പോലീസ് നൽകിയ മുന്നറിയിപ്പ് പാലിക്കാതെ ക്രെഡിറ്റെടുക്കാൻ എടുത്ത് ചാടി സംഘടിപ്പിച്ച വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് ഉത്തരവാദി കർണ്ണാടക സർക്കാർ ? കോലിയെയും കാലനാക്കി സോഷ്യൽ മീഡിയ വിമർശനം

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആർ സി ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായതിൽ ഉത്തരവാദി കർണ്ണാടക സർക്കാരെന്ന് ആരോപണം. ഇത്തരമൊരു പരിപാടി മുന്നൊരുക്കങ്ങളില്ലാതെ നടത്താൻ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് സർക്കാർ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഒന്നര കിലോമീറ്റർ നീളുന്ന വിക്ടറി പരേഡ് റദ്ദാക്കിയെങ്കിലും ആളുകൾ മരിച്ചു വീഴുമ്പോഴും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി തുടരുന്നതിൽ വലിയ വിമർശനം നേരിടുകയാണ് കർണാടക സർക്കാരും ആർ സി ബിയും.

ഐ പി എൽ മത്സരം വിജയിച്ചതിന് സർക്കാർ മുൻകൈ എടുത്ത് ഇത്രവലിയ പരിപാടി നടത്തണമായിരുന്നോ എന്ന ചോദ്യം സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. വിരാട് കോലിക്കെതിരെയും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്തരമൊരു പരിപാടിക്ക് ബി സി സി ഐ അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ബി സി സി ഐ പ്രതികരിച്ചു. ആരാണ് ഇത്തരം ഒരു പരിപാടി നടത്താൻ അനുമതി നൽകിയതെന്ന് ഐ പി എൽ ചെയർമാനും ചോദ്യം ഉന്നയിച്ചു.

അതേസമയം വീഴ്ച സമ്മതിച്ച് സർക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. വൻ ജനാവലി പങ്കെടുക്കാൻ സാധ്യതയുള്ള പരിപാടിക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയില്ല. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ടുപോകാൻ ആംബുലൻസോ സ്ട്രക്ച്ചറോ ഉണ്ടായിരുന്നില്ല. കയ്യിൽ താങ്ങിയെടുത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്. അമ്പതിലധികം പേർക്ക് പരിക്കുണ്ട്. 25 പേർക്ക് സാരമായ പരിക്കുണ്ട്. ഇതിൽ 16 പേരുടെ പരിക്ക് ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്. 30000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഇരട്ടിയിലധികം പേർ തടിച്ചുകൂടിയതായാണ് റിപ്പോർട്ട്.

Related Articles

Latest Articles