ന്യൂയോർക്ക്: ഡിസംബർ 21 അന്താരാഷ്ട്ര ധ്യാന ദിവസമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. ധ്യാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർ ധ്യാനം നയിക്കും. കഴിഞ്ഞ 43 വർഷങ്ങളായി 180 ൽ ഏറെ രാഷ്ട്രങ്ങളിൽ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന്റെ ആഹ്വാന പ്രകാരം ധ്യാന പരിശീലനം നടന്നു വരികയാണ്. ഇത് കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ യിൽ നിന്നും ഗുരുദേവിന് പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ധ്യാന ദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഡിസംബർ 21 ന് കേരളത്തിലെ 14 ജില്ലകളിൽ ചരിത്ര പ്രാധാന്യമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ധ്യാന സംഗമം നടത്താൻ ആർട്ട് ഓഫ് ലിവിംഗ് കേരള അപക്സ് ബോഡി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 500 ലധികം ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും ധ്യാനസംഗമം നടക്കും. ധ്യാനം പരിശീലിക്കുന്നതിലൂടെ മനസ്സിന് തികഞ്ഞ ശാന്തിയും ബുദ്ധിവികാസവും ലഭിക്കുമെന്നതുകൊണ്ട് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും അതിനാൽ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു തീരുമാനമെടുത്തത് അഭിനന്ദനം അർഹിക്കുന്നുവെന്നും ഗുരുദേവ് ശ്രീശ്രീ രവിശങ്കർജി അഭിപ്രായപ്പെട്ടു.

