സംസ്ഥാനത്തെ ബെവ്‌കോ ജീവനക്കാർക്ക് ഈ ഓണത്തിന് റെക്കോർഡ് ബോണസ്. സ്ഥിരം ജീവനക്കാർക്ക് ഒരു ലക്ഷം രൂപ കടന്ന് 1,02,500 രൂപയാണ് ബോണസായി ലഭിക്കുക. കഴിഞ്ഞ വർഷം ഇത് 95,000 രൂപയായിരുന്നു. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ബവ്‌കോയുടെ ചരിത്രത്തിൽ ആദ്യമായാണ് ബോണസ് തുക ഒരു ലക്ഷം രൂപ കടക്കുന്നത്.
സ്ഥിരം ജീവനക്കാർക്ക് മാത്രമല്ല, മറ്റ് വിഭാഗങ്ങൾക്കും ഇത്തവണ ബോണസ് തുക വർധിപ്പിച്ചിട്ടുണ്ട്. കടകളിലും ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5,000 രൂപയായിരുന്നു. ഹെഡ് ഓഫിസിലെയും വെയര്‍ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്കു 12,500 രൂപയാണ് ബോണസ്.
റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 19,700കോടിയാണ് വിറ്റു വരവ്. മുൻസാമ്പത്തിക വർഷത്തെക്കാൾ 650 കോടി അധിക വിൽപ്പനയാണ് നടന്നിരിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സർക്കാർ ഉത്തരവിറങ്ങിയാൽ പണം ജീവനക്കാരുടെ പോക്കറ്റിലെത്തും.

