ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ നിർണ്ണായകമായ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ്ങിനിറങ്ങി. ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ മത്സരത്തിൽ നിന്ന് ഭിന്നമായി രവി ബിഷ്‌ണോയിയ്ക്ക് പകരം കുല്‍ദീപ് യാദവും ഇഷാന്‍ കിഷന് പകരം യശസ്വി ജയ്‌സ്വാളും ടീമിലിടം നേടി. ട്വന്റി 20 ഫോർമാറ്റിൽ ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്നത്തേത്.
അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യരണ്ടുകളികളും തോറ്റ ഇന്ത്യന്‍ ടീമിന് ഇന്നത്തേതുൾപ്പെടെ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ പരമ്പര നേടാനാകൂ. സമകാലിക ക്രിക്കറ്റിൽ പൊതുവെ ദുര്‍ബലരായ വിന്‍ഡീസിനെതിരേ പരമ്പര നഷ്ടമായാല്‍ അത് ഇന്ത്യന്‍ സംഘത്തിന് കനത്ത തിരിച്ചടിയാകും. ബാറ്റിങ്‌നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ അലട്ടുന്നത്. രണ്ടുകളിയിലായി 96 റണ്‍സെടുത്ത യുവതാരം തിലക് വര്‍മ ഒഴികെയുള്ളവര്‍ മോശം കളിയാണ് കാഴ്ചവെച്ചത്. ഐപിഎല്ലിൽ വമ്പനടി നടത്തിയ യശസ്വി ജയ്‌സ്വാൾ ഇന്നത്തെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് നേടിയിട്ടുണ്ട്

