ആന്റോ ആന്റണിക്ക് പാർലമെന്റിൽ കാലുകുത്താൻ അവകാശമില്ല ! പാകിസ്ഥാനെ വെള്ളപൂശി, സേന വിഭാഗത്തെ അധിക്ഷേപിച്ചു ,
ദേശീയ സുരക്ഷാ നിയമപ്രകാരം ബിജെപി നിയമ നടപടികൾക്ക് ഇറങ്ങും ; വിമർശനവുമായി അനിൽ ആന്റണി
പത്തനംതിട്ട: ആന്റോ ആന്റണി പാകിസ്ഥാനെ വെള്ളപൂശിയെന്ന വിമർശനവുമായി അനിൽ ആന്റണി. രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു. ആന്റോ ആന്റണിക്ക് പാർലമെന്റിൽ കാലുകുത്താൻ അവകാശമില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികൾക്ക് ബിജെപി ഇറങ്ങുമെന്നും അനിൽ ആന്റണി പറഞ്ഞു.
പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണമാണ് ആന്റോ ആന്റണി എംപി ഉന്നയിച്ചത്. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പ്രസ്താവന. സർക്കാർ അറിയാതെ അത്രയും സ്‌ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്‌ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു

