തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വർക്കർമാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിട്ടും സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നത് തുടരുന്നതിനാൽ സമരം കടുപ്പിക്കാൻ തീരുമാനം. ഈ മാസം 17ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനാണ് ശ്രമം. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്.
അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചു. കേരള ആശാ ഹെല്‍ത്ത് വർക്കേർസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എംഎ ബിന്ദുവാണ് കെഎൻ ഗോപിനാഥിന് വക്കീല്‍ നോട്ടീസ് അയച്ചത്. ആശാവർക്കർമാർ കെട്ടിയിരുന്ന ടാർപോളിൻ പോലീസ് അഴിച്ചു മാറ്റിയതിനാൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പെരുമഴയത്ത് ഇരിക്കേണ്ടി വന്നിരുന്നു. വിവരമറിഞ്ഞെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ വർക്കർമാർക്ക് കുടയും റെയിൻ കോട്ടുകളും വാങ്ങി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെ.എൻ ഗോപിനാഥിന്റെ വിവാദപരാമർശം.സമരനായകന്‍ സുരേഷ് ഗോപി എത്തുന്നു, എല്ലാവര്‍ക്കും കുട കൊടുക്കുന്നു. കുട കൊടുത്തതിനൊപ്പം ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല’ എന്നായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമർശം. ഈപരാമർശം അടിയന്തിരമായി പിൻവലിച്ച് പരസ്യമായി ക്ഷമാപണം പത്രത്തില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് തുടരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

