Sunday, December 21, 2025

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവി; രോഹിത് ശർമയ്ക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി

മുംബൈ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു ശേഷം കടുത്ത വിമർശനം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കു പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ആ സ്ഥാനത്തിന് ലഭ്യമായ ഏറ്റവും മികച്ച താരം രോഹിത് ശര്‍മയായിരുന്നെന്നും, ഐപിഎല്ലിലെ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്തെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

‘‘ഞാൻ രോഹിത് ശർമയെ പൂർണമായി വിശ്വസിക്കുന്നു. രോഹിതും എം.എസ്. ധോണിയും അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഐപിഎൽ വിജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐപിഎൽ കിരീടം നേടുന്നത് ലോകകപ്പ് ജയിക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകകപ്പിൽ 4–5 മത്സരങ്ങൾ കൊണ്ട് സെമി ഉറപ്പിക്കാൻ സാധിക്കും. എന്നാൽ ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ചാണ് പ്ലേ ഓഫിലെത്തുക. ഐപിഎൽ ചാംപ്യനാകണമെങ്കിൽ 17 കളികൾ വേണ്ടിവരും.’’– ഗാംഗുലി പറഞ്ഞു.

വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശർമ ഇന്ത്യൻ നായകനാകുന്നത്. അന്ന് ബിസിസിഐ പ്രസിഡന്റ് ആയിരുന്ന സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞതെന്ന് വാർത്തകളുണ്ടായിരുന്നു.

Related Articles

Latest Articles