ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ഭീകരപ്രവർത്തനമായി കണക്കാക്കി കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കി. ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ദുഃഖം മന്ത്രിസഭ രേഖപ്പെടുത്തി.
നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം രാജ്യദ്രോഹ ശക്തികൾ നടത്തിയ കാർ സ്ഫോടനത്തെ ‘ഹീനമായ ഭീകരസംഭവം’ ആയി കാണുന്നുവെന്ന് കേന്ദ്രമന്ത്രിസഭ പ്രമേയത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, “അർത്ഥശൂന്യമായ ഈ അക്രമത്തിൽ” ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ഭീകരവാദത്തോടുള്ള ഭാരതത്തിന്റെ നിലപാട് മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തോടും സഹിഷ്ണുതയില്ല എന്ന നയത്തിലുള്ള ഭാരതത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ പ്രഖ്യാപിച്ചു. നിരപരാധികളുടെ ജീവൻ അപഹരിച്ച നിഷ്ഠൂരവും ഭീരുത്വപരവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റവും അടിയന്തിരമായും പ്രൊഫഷണൽ നിലവാരത്തിലും പിന്തുടരണമെന്ന് മന്ത്രിസഭ നിർദ്ദേശം നൽകി. കുറ്റവാളികളെയും, അവരുമായി സഹകരിച്ചവരെയും, ഇവരുടെ സ്പോൺസർമാരെയും എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

