ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ ഉഗ്രസ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ നഗരത്തിൽ മണിക്കൂറുകൾ പാർക്ക് ചെയ്തിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വൈകുന്നേരം 3.19 നാണ് വാഹനം ചെങ്കോട്ടയ്ക്ക് സമീപം പാർക്കിങ്ങിന് എത്തിയത്. പാർക്കിങ്ങിൽ നിന്ന് 6.48 ന് പുറത്തെടുത്തു. നാല് മിനിട്ടുകൾക്ക് ശേഷം 6.52 ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരമാവധി ആൾനാശം ഉണ്ടാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആക്രമണത്തിന് ഉപയോഗിച്ച ഐ 20 കാറിന്റെ ആദ്യ ഉടമ സൽമാൻ ഇന്നലെ പിടിയിലായിരുന്നു. ഒന്നരവർഷം മുമ്പ് വാഹനം ഓഖ്‌ല സ്വദേശി ദേവേന്ദ്രയ്ക്ക് വിറ്റു എന്നായിരുന്നു അയാളുടെ മൊഴി. കാറിന്റെ ഇപ്പോഴത്തെ ഉടമ പുൽവാമ സ്വദേശിയായ താരിഖ് എന്നാണ് സൂചന. താരിഖിനെ അൽപ്പസമയം മുമ്പ് പോലീസ് പിടികൂടിയിട്ടുണ്ട്.
ഇന്നലെ തകർത്ത വൻ ഭീകരാക്രമണ പദ്ധതിയുടെ പ്ലാൻ ബി യാണ് ഭീകരർ നടപ്പാക്കിയതെന്നാണ് വിലയിരുത്തൽ. ഫരീദാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ട 4 ഡോക്ടർമാരെ വൻ സ്‌ഫോടക വസ്തു ശേഖരത്തോടെ പിടികൂടിയിരുന്നു. ഉഗ്ര വിഷ പദാർത്ഥവുമായി ഗുജറാത്തിൽ മറ്റൊരു ഡോക്ടറും പിടിയിലായിരുന്നു. 2500 കിലോഗ്രാമോളം അമോണിയം നൈട്രേറ്റും മറ്റ് ആയുധങ്ങളുമാണ് ഇവരിൽ നിന്ന് പിടിച്ചത്. ഈ ആക്രമണ പദ്ധതിയുടെ പ്ലാൻ ബി ഭീകരർ നടപ്പാക്കുകയായിരുന്നു എന്നാണ് സൂചന. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിൽ പിന്നിലെന്നാണ് വിലയിരുത്തൽ. ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മെദിന് കനത്ത നാശം സംഭവിച്ചിരുന്നു.
ദില്ലി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ നിർണായക യോഗം നടക്കും. സി ആർ പി എഫ് ഡി ജി , എൻ ഐ എ മേധാവി, സി ഐ എസ് എഫ് മേധാവി തുടങ്ങിയവർ പങ്കെടുക്കും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പോലീസ് കാവലുണ്ട്. പരിശോധനകളും നടക്കുന്നു.

