ഫരീദാബാദ്: ദില്ലി സ്‌ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും കണ്ടെത്തി. ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയ്ക്ക് ഭീകരർ വേദിയാക്കിയ ഹരിയാനയിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ബ്രെസ കാർ പോലീസ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. ഒരേ സമയം നാല് നഗരങ്ങളിൽ സ്ഫോടനം നടത്തിയതിനു ശേഷം ഈ കാറില്‍ രക്ഷപ്പെടാനായിരുന്നു ഭീകരരുടെ പദ്ധതി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നു കരുതുന്ന വാഹനങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. സ്‌ഫോടനത്തിന് മുമ്പ് തിങ്കളാഴ്ച ഒരു മാരുതി സുസുക്കി ഡിസയര്‍ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍നിന്ന് അസോള്‍ട്ട് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഉടമ ഷഹീന്‍ സയീദ് അറസ്റ്റിലായത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ വാടകയ്ക്കെടുത്ത മുസമ്മിലും ഈ കാര്‍ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ള ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. DL 10 CK 0458 നമ്പര്‍ കാറായിരുന്നു ഇത്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ അംശം ഈ കാറില്‍ കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെ ഫരീദാബാദ് പോലീസ് ഇക്കോസ്പോര്‍ട്ട് പാര്‍ക്ക് ചെയ്ത ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

