Sunday, December 14, 2025

ദില്ലി സ്ഫോടനം ! ഭീകരർ ഫ്‌ളോർ മിൽ ബോംബ് നിർമ്മാണ കേന്ദ്രമാക്കിയെന്ന് അന്വേഷണസംഘം; ഉപകരണങ്ങൾ പിടിച്ചെടുത്തു

ഫരീദാബാദ് : ദില്ലി സ്ഫോടനക്കേസ് പ്രതി മുസമ്മിൽ, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള ധാന്യങ്ങൾ പൊടിക്കുന്ന മിൽ രാസവസ്തുക്കൾ നിർമ്മിക്കാനുള്ള വർക്ക്‌ഷോപ്പാക്കി മാറ്റിയിരുന്നുവെന്ന് അന്വേഷണ സംഘം. ഒരു ടാക്സി ഡ്രൈവറുടെ വീടിനുള്ളിലായിരുന്നു ഈ മിൽ പ്രവർത്തിച്ചിരുന്നത്. ധാന്യങ്ങൾ പൊടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണത്തിലൂടെ ഖര രൂപത്തിലുള്ള രാസ സംയുക്തങ്ങളെ നേർത്ത പൊടിയാക്കി മാറ്റാനും സാധിക്കും. ഈ പൊടി പിന്നീട് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കാനാണ് മുസമ്മിൽ പദ്ധതിയിട്ടിരുന്നത്. പരിശോധനയിൽ ഗ്രൈൻഡർ,ഇലക്ട്രോണിക് മെഷീനുകൾ,രാസവസ്തുക്കൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ദില്ലി കാർ സ്‌ഫോടനക്കേസിലെ കേന്ദ്രബിന്ദുവായ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഷക്കീൽ ഗനായ്, ചോദ്യം ചെയ്യലിൽ, വളരെക്കാലമായി യൂറിയയിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിക്കുന്നതിനും സ്‌ഫോടകവസ്തുക്കൾ ശുദ്ധീകരിക്കുന്നതിനും ഫ്‌ളോർ മിൽ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞതായി വിവരങ്ങളുണ്ട്.

നാല് വർഷം മുമ്പ് തന്റെ മകനെ ചികിത്സയ്ക്കായി അൽ-ഫലാഹ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഗനായിയെ കണ്ടുമുട്ടിയതെന്ന് ഫ്‌ളോർ ഉടമയായ ടാക്‌സി ഡ്രൈവർ പറയുന്നു.

Related Articles

Latest Articles