ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉൾപ്പെടുന്ന വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളും റോക്കറ്റുകളും നിർമ്മിക്കാൻ ഭീകരർ ശ്രമിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തി. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിനെതിരെ പ്രധാന ആയുധമായി ഡ്രോണുകൾ ഉപയോഗിച്ചതിന് സമാനമായ ആക്രമണമാണ് പ്രതികൾ നടത്താൻ പദ്ധതിയിട്ടത് .
ചാവേറായ ഉമർ മുഹമ്മദുമായി ചേർന്ന് പ്രവർത്തിച്ച മറ്റൊരു ഭീകരനെ ഇന്ന് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ സ്വദേശിയായ ജാസിർ ബിലാൽ വാണി എന്ന ഡാനിഷ് ആണ് ശ്രീനഗറിൽ വെച്ച് എൻഐഎ സംഘത്തിന്റെ പിടിയിലായത്. കാർ ബോംബ് സ്ഫോടനത്തിന് മുൻപുള്ള ഭീകരാക്രമണങ്ങൾക്കായി ഡ്രോണുകൾ പരിഷ്കരിക്കുന്നതിലും റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിലും ഡാനിഷ് സാങ്കേതിക സഹായം നൽകിയതായി എൻഐഎ പ്രസ്താവനയിൽ അറിയിച്ചു. അനന്ത്നാഗ് ജില്ലക്കാരനായ ഡാനിഷ്, സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു.
എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഭാരം കൂടിയ ബോംബുകളും ക്യാമറകളും വഹിക്കാൻ ശേഷിയുള്ള വലിയ ബാറ്ററികൾ ഘടിപ്പിച്ച ഡ്രോണുകൾ നിർമ്മിക്കാനാണ് ഡാനിഷ് ശ്രമിച്ചത്. ഇതിനു മുൻപും ചെറിയ രീതിയിലുള്ള ആയുധവൽക്കരിച്ച ഡ്രോണുകൾ നിർമ്മിച്ചതിൽ ഇയാൾക്ക് പരിചയമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
കൂടുതൽ ആളപായം ലക്ഷ്യമിട്ട്, ആൾക്കൂട്ടമുള്ള പ്രദേശങ്ങളിലേക്ക് ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ അയക്കാനായിരുന്നു ഭീകരസംഘത്തിന്റെ പദ്ധതി. യെമനിലെ ഹൂത്തികൾ, സിറിയയിലെ ചില ഗ്രൂപ്പുകൾ, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകൾ ഈ രീതിയിലുള്ള ആക്രമണ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഭീകരവാദത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള സാധ്യത ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഭീഷണി നേരിടാൻ, ഇന്ത്യയും തങ്ങളുടെ ഡ്രോൺ ആക്രമണ, പ്രതിരോധ ശേഷിയുള്ള യൂണിറ്റുകൾ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി വരികയാണ്. കേസിന്റെ എല്ലാ കോണുകളും അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്.

