Monday, December 15, 2025

ദില്ലി സ്ഫോടനം; വൈറ്റ് കോളർ ഭീകര ശൃംഖലയിലെ മൂന്ന് ഡോക്ടർമാരുടെയും തുർക്കി യാത്ര അന്വേഷണ പരിധിയിൽ ; മൂവരും തുർക്കിയിൽ തുടർന്നത് 14 ദിവസങ്ങൾ

ദില്ലി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് കശ്മീരി ഡോക്ടർമാർ ഉൾപ്പെട്ട ഭീകര ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരശൃംഖലയുടെ ആസൂത്രണം ഈ ഡോക്ടർമാരെ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സ്ഫോടനത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ഡോ. ഉമർ യു നബി ഉൾപ്പെടെ മൂന്ന് പേർ 2022 മാർച്ചിൽ തുർക്കി സന്ദർശിച്ചതായി ഉന്നത തല വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഉമറിനൊപ്പം മുസഫർ അഹമ്മദ് റാഥർ ഡോ. മുസമ്മിൽ ഷക്കീൽ എന്നിവരാണ് യാത്ര ചെയ്തത്. രണ്ടാഴ്ചയിലേറെ ഇവർ വിദേശത്ത് തങ്ങി. ഈ സമയത്ത്, അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള 14 പേരുമായി ഇവർ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ അറസ്റ്റിലായ ഒരു പ്രതിയുടെ സഹോദരനും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

യാത്രക്കിടയിൽ ഇവർ മുഴുവൻ ദിവസവും ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും മറ്റ് രഹസ്യകേന്ദ്രങ്ങൾ ഉപയോഗിച്ചിരിക്കാമെന്നും പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നു. വിദേശയാത്ര 2021 അവസാനത്തോടെ ആരംഭിച്ചിരിക്കാം എന്നും പിന്നീട് മൊഡ്യൂളിലെ മറ്റംഗങ്ങൾ ഇതിൽ ചേർന്നതാകാം എന്നും അന്വേഷണ ഏജൻസികൾ കരുതുന്നു. സാധാരണ ഭീകരവാദ കേസുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രതികൾ പാകിസ്ഥാൻ സന്ദർശിച്ചതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഡോക്ടർ മുസമ്മിൽ ഷക്കീൽ ഫരീദാബാദിൽ വാടകയ്‌ക്കെടുത്ത മുറികളിലാണ് വൻതോതിൽ സ്ഫോടക വസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വാടക താമസസ്ഥലത്ത് നിന്ന് 350 കിലോയിലധികം സ്ഫോടക വസ്തുക്കൾ, ഐ.ഇ.ഡി. നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്/റിമോട്ട് ഉപകരണങ്ങൾ, റൈഫിളുകൾ, വെടിക്കോപ്പുകൾ, ടൈമറുകൾ എന്നിവ കണ്ടെടുത്തിരുന്നു.

അൽ ഫലാ യൂണിവേഴ്സിറ്റിക്ക് ചുറ്റുമാണ് നിലവിലെ അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ഈ ഭീകര ശൃംഖലയുടെ പ്രവർത്തനത്തിന് ഡോക്ടർമാർക്ക് ലഭിച്ച പ്രൊഫഷണൽ, അക്കാദമിക് പശ്ചാത്തലത്തിന്റെ പരിഗണന എങ്ങനെ ഉപയോഗിച്ചു എന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്. അന്വേഷണം ദില്ലി , ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതോടെ കൂടുതൽ അറസ്റ്റുകളും പരിശോധനകളും പ്രതീക്ഷിക്കുന്നു. ഭീകര ശൃംഖല പൂർണ്ണമായി തകർക്കാൻ, സ്ഫോടക വസ്തുക്കൾ മാത്രമല്ല, അവരെ ഒളിവിൽ പ്രവർത്തിക്കാൻ സഹായിച്ച ഈ ശൃംഖലയെക്കുറിച്ച് കൂടി കണ്ടെത്തേണ്ടതുണ്ട് എന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles