നവംബർ 10-ന് നടന്ന ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂളിൽ പങ്കാളികളായ നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
മുസഫർ അഹമ്മദ്, അദീൽ അഹമ്മദ് റാഥർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നീ ഡോക്ടർമാരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററും (IMR) നാഷണൽ മെഡിക്കൽ രജിസ്റ്ററും (NMR) റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കമ്മീഷൻ അടിയന്തരമായി പുറത്തിറക്കി. ഇതോടെ, ഈ ഡോക്ടർമാർക്ക് ഇന്ത്യയിൽ ഒരിടത്തും വൈദ്യശാസ്ത്രം പരിശീലിക്കാനോ മെഡിക്കൽ പദവികൾ വഹിക്കാനോ കഴിയില്ലെന്ന് എൻ.എം.സി. അറിയിച്ചു.
ജമ്മു കശ്മീർ പോലീസ്, ജമ്മു കശ്മീർ മെഡിക്കൽ കൗൺസിൽ, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിൽ എന്നിവർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷനുകൾ റദ്ദാക്കിയത്. ഭീകര മൊഡ്യൂളുമായി ബന്ധമുള്ള കേസിൽ ഈ ഡോക്ടർമാർക്ക് ‘പ്രാഥമികമായി ബന്ധമുണ്ടെന്ന്’ കണ്ടെത്തിയതിനെ തുടർന്നാണ് എൻഎംസി നടപടി സ്വീകരിച്ചത്.
നാല് ഡോക്ടർമാരുടെയും പെരുമാറ്റം, “വൈദ്യശാസ്ത്ര പ്രൊഫഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന സമഗ്രത, ഔചിത്യം, പൊതുവിശ്വാസം എന്നിവയുടെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല” എന്ന് എൻ.എം.സി. ഉത്തരവിൽ എടുത്തുപറഞ്ഞു.
നേരത്തെ മുസഫർ അഹമ്മദ്, അദീൽ അഹമ്മദ് റാഥർ, മുസമിൽ ഷക്കീൽ എന്നിവരുടെ രജിസ്‌ട്രേഷൻ ജമ്മു കശ്മീർ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിരുന്നു. ഷഹീൻ സയീദിന്റെ പങ്ക് ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലാണ് റിപ്പോർട്ട് ചെയ്തത്. ഈ കൗൺസിലുകളുടെ നടപടികൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് എൻ.എം.സി. ദേശീയ ഉത്തരവ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന മെഡിക്കൽ കൗൺസിലുകളോടും ഈ ഡോക്ടർമാർ യാതൊരു കാരണവശാലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും രേഖകൾ അപ്ഡേറ്റ് ചെയ്യാനും എൻ.എം.സി. നിർദ്ദേശിച്ചിട്ടുണ്ട്.

