ദില്ലി: മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമണം നടന്നത്. 35 കാരനായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരിക്കുണ്ട്. രേഖാഗുപ്ത ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണ്. പ്രതിയെ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്‌തുവരികയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ദില്ലി കോർപറേഷൻ കൗൺസിലർ ആയിരിക്കുന്ന സമയം മുതൽ രേഖാ ഗുപ്‌ത ജനസമ്പർക്ക പരിപാടി നടത്താറുണ്ടായിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ ജനകീയ മുഖമായിരുന്നു രേഖാ ഗുപ്‌ത. മുഖ്യമന്ത്രിയായിട്ടും. അവർ ജനസമ്പർക്ക പരിപാടി തുടർന്നു. അധികാരത്തിലേറിയ അന്നുമുതൽ എല്ലാ ബുധനാഴ്ചയും രാവിലെ ഏഴുമുതൽ ഒൻപതുമണിവരെ അവർ പരാതിക്കാരെ നേരിട്ടുകാണുന്ന ജൻ സുൻവായി പരിപാടി നടത്തിവന്നിരുന്നു. ഈ പരിപാടിയിൽ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് നൂറുകണക്കിന് ആളുകളായാണ് നേരിൽക്കണ്ട് പരാതി പരിഹരിച്ചിരുന്നത്. ഇതാണ് അക്രമി മുതലെടുക്കാൻ ശ്രമിച്ചത്.
പരാതിക്കാരൻ എന്ന് വ്യാജേന മുഖ്യമന്ത്രിയുടെ അടുത്തെത്തിയ പ്രതി പൊടുന്നനെ അക്രമാസക്തനാകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് അയാൾ മുഖ്യമന്ത്രിയുടെ കൈ പിടിച്ചു വലിക്കുകയും ഭാരമേറിയ വസ്‌തു ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്‌തു. നിലത്തുവീണ മുഖ്യമന്ത്രിക്ക് സാരമല്ലാത്ത പരിക്കുണ്ട്. നടന്നത് ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ ഒന്നര പതിറ്റാണ്ടുകാലമായി അധികാരത്തിലിരുന്ന ആം ആദ്‌മി പാർട്ടിയെ തോൽപ്പിച്ച് ബിജെപി വലിയ വിജയം നേടിയിരുന്നു. 2025 ഫെബ്രുവരിയിലാണ് രേഖാ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.

