Sunday, December 14, 2025

മാസപ്പടി കേസ് !സിഎംആര്‍എല്ലിനെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി : മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ദില്ലി ഹൈക്കോടതി. അതേസമയം അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് എസ്എഫ്‌ഐഒ നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന സിഎംആര്‍എല്‍ ആവശ്യത്തിന്മേല്‍ കോടതി എസ്എഫ്ഐഒയുടെ നിലപാട് തേടി. ഹര്‍ജി കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഈ മാസം 28നും 29നും ചൈന്നൈയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിർദ്ദേശം.അന്വേഷണവുമായി സഹകരിക്കണമെന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 2013ലെ കമ്പനി നിയമത്തിലെ 217-ാം വകുപ്പ് പ്രകാരമാണ് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടവര്‍ക്ക് സമന്‍സ് അയച്ചത്. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയും ഇഡിയും നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി സിഎംആര്‍എല്‍ പണം നല്‍കിയെന്നാണ് ആരോപണം. എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്ഐഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം. പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്എഫ്ഐഒയും അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles