ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്‌ത് ദില്ലി ഹൈക്കോടതി. ഇന്നലെ വിചാരണ കോടതിയായ റോസ് അവന്യു കോടതിയാണ് മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് ജാമ്യം നൽകിയത്. ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് കെജ്‌രിവാളിന് അപ്രതീക്ഷിത തിരിച്ചടി. ഇ ഡി യുടെ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. അടിയന്തിരമായി ഹർജി പരിഗണിക്കണമെന്ന് ഇ ഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പരമാവധി ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നും അതുവരെ വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.
ഇന്നലെയാണ് റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിക്കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ ഡി ക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കെതിരായ സാക്ഷികൾ പ്രതിപ്പട്ടികയിലുള്ളവരാണെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന് കോടതി ജാമ്യം നൽകിയത്. എന്നാൽ തങ്ങൾ അപ്പീൽ പോകുകയാണെന്നും അടുത്ത 48 മണിക്കൂർ ജാമ്യം സ്റ്റേ ചെയ്യണമെന്നും ഇ ഡി അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും വിചാരണ കോടതി പരിഗണിച്ചില്ല. തുടർന്ന് ഇന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജാമ്യത്തിന് സ്റ്റേ ലഭിച്ചത്.
സംസ്ഥാനത്തിന്റെ മദ്യനയം സ്വകാര്യ കമ്പനികളുടെ ആഗ്രഹത്തിനൊത്ത് രൂപപ്പെടുത്തിയെന്നും ഖജനാവിന് 600 കോടിയുടെ നഷ്ട്ടം ഇതുമൂല ഉണ്ടായെന്നുമാണ് കേസ്. സ്വകാര്യ കമ്പനികളിൽ നിന്ന് ആം ആദ്‌മി പാർട്ടി 100 കോടി കൈക്കൂലി വാങ്ങിയെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. കേസിൽ മുഖ്യ സൂത്രധാരനാണ് മുഖ്യമന്ത്രിയെന്നാണ് ഇ ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ എക്സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ കേസിൽ മാസങ്ങളായി ജയിലിലാണ്.

