Sunday, December 14, 2025

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു അഴിമതി കേസില്‍ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടിയേയും പ്രതി ചേര്‍ക്കുന്നത്.

അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലുൾപ്പെടെ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണ ഏജന്‍സിക്കാവശ്യപ്പെടാൻ സാധിക്കും. മാത്രമല്ല പാര്‍ട്ടി ആസ്ഥാനമടക്കമുള്ള സ്വത്ത് വകകകള്‍ കണ്ടുകെട്ടാനുമാകും. അതേസമയം അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്‍റെ ഹര്‍ജി വിധി പറയാനായി സുപ്രീംകോടതി മാറ്റി.

ദില്ലി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

Related Articles

Latest Articles