ജർമ്മനിയിൽ നിന്ന് ദില്ലി വിമാനത്താവളത്തിൽ വന്നിറിങ്ങിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പോലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ തടഞ്ഞ് വെച്ച ശേഷം ദില്ലി പൊലീസിന് കൈമാറിയത്. പിന്നീട് കേരള പൊലീസിന്റെ നിർദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട രാഹുലിനെതിരെ കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പറവൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ അതിക്രൂമായി മർദിച്ചെന്നാണ് കേസ്.
തന്നെ മർദ്ദിച്ചുവെന്ന് മൊഴി നൽകിയ പിന്നീട് യുവതി സമൂഹ മാദ്ധ്യമത്തിലൂടെ മലക്കം മറിഞ്ഞതോടെ കേസ് വീണ്ടും സംസ്ഥാനത്ത് സംസാര വിഷയമായി. സ്വന്തം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ആദ്യം ഭർത്താവിനെതിരെ മൊഴി നൽകിയിരുന്നതെന്നാണ് യുവതിയുടെ വാദം. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതി എന്തു പറഞ്ഞു എന്നതല്ല പോലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയാണ് പ്രധാനമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.രാഹുലിന്‍റെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാൻ സഹായിച്ച പോലീസുകാരൻ എന്നിവരാണ് മറ്റ് പ്രതികൾ. ഭർത്താവിന്റെ ഭീഷണിയും സമ്മർദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമർപ്പിച്ചിരുന്നു.

