Friday, December 12, 2025

ദില്ലി പ്രതിഷേധം ! അറസ്റ്റിലായവരിൽ തൃശ്ശൂർ, മലപ്പുറം സ്വദേശികളും! അർബൻ നക്സലുകളെന്ന് പോലീസ്

ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട്
അറസ്റ്റിലായവരിൽ മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരേയും പട്യാല കോടതിയിൽ ഹാജരാക്കി. ഒരാൾ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയ ആളുമാണ്.

പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുടെ പ്ലക്കാര്‍ഡുകളുമായി എത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കോര്‍ഡിനേഷന്‍ ഫോര്‍ ക്ലീന്‍ എയര്‍ കമ്മിറ്റി എന്ന പേരിലാണ് ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം നടത്തിയവർ അർബൻ നക്സലുകളാണെന്നാണ് ദില്ലി പോ ലീസ് പറയുന്നത്. പ്രതിഷേധക്കാർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് കോടതിയിൽ പോലീസ് അറിയിച്ചു. വായുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവർ ഉദ്ദേശിച്ചതെന്നും പോലീസിനെ ആക്രമിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തിനിടെ മാദ്വി ഹിദ്മയുടെ അടക്കം ചിത്രമുള്ള പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. അവര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജെഎന്‍യുവിലെയും ദില്ലി സര്‍വകലാശാലയിളെയും വിദ്യാര്‍ത്ഥികളാണ് ഈ സമരത്തില്‍ പങ്കെടുത്തത്.

വായു മലിനീകരണത്തിന്റെ മറവില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങളെ മാറ്റുന്നുവെന്നാണ് വിമര്‍ശനം. ഇത്തരത്തില്‍ ചില ‘ജെന്‍സി’ പ്രക്ഷോഭങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സമരക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസിനെ ആക്രമിക്കുകയും പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച 15 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ 18-ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്വി ഹിദ്മ കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ (സിഎംസി) തലവനായിരുന്നു. 44-കാരനായ മാദ്വി ഹിദ്മയുടെ തലയ്ക്ക് ഒരുകോടിയാണ് ഈനാം പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ അനുയായികളിലൊരാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിദ്മയെ ലക്ഷ്യമിട്ടുള്ള നടപടി തുടങ്ങിയത്. ഛത്തീസ്ഗഡില്‍നിന്ന് പലായനം ചെയ്യുന്നതിനിടെ ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിലുള്ള മരേഡുമില്ലി വനത്തില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും നേരെ നടന്ന 26 സായുധ ആക്രമണങ്ങളുടെ പേരിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ 2010-ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട 2013-ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021-ലെ സുക്മ-ബിജാപൂര്‍ ആക്രമണം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

Related Articles

Latest Articles