ദില്ലി :ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിലെ അന്വേഷണം പുരോഗമിക്കവെ, ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവകലാശാലയിലെ 10 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് പേർ കശ്മീരികളാണ്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ജമ്മു കശ്മീർ പോലീസും ഹരിയാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ കാണാതായ വിവരം പുറത്തുവന്നത്. ചെങ്കോട്ട ആക്രമണത്തിന്റെ ഗൂഢാലോചന നടന്ന പ്രധാന കേന്ദ്രമായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നത് അൽ-ഫലാഹ് സർവകലാശാലയെയാണ്. അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 കാർ സ്ഫോടനത്തിന് ഉപയോഗിച്ച ‘ടെറർ ഡോക്ടർ’ മൊഡ്യൂളിലെ കണ്ണികളാണ് കാണാതായവരെന്നും സംശയിക്കുന്നുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ചെങ്കോട്ട ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കൂടുതൽ ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദ്, ഇതിനായി ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കുന്നതായി നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പാക് ആപ്പായ ‘സദപേ’ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ 20,000 പാകിസ്ഥാനി രൂപയാണ് (ഏകദേശം 6,400 ഇന്ത്യൻ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്.
മസൂദ് അസറിന്റെ സഹോദരി സാദിയയുടെ നേതൃത്വത്തിലുള്ള വനിതാ വിഭാഗം (ജമാഅത്ത് ഉൽ-മുമിനാത്ത്) ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്റെ സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചുവെന്ന് കരുതുന്ന ‘മാഡം സർജൻ’ എന്നറിയപ്പെടുന്ന ഡോ. ഷാഹിന സയീദ് ഈ വനിതാ വിഭാഗത്തിലെ അംഗമാണെന്നാണ് വിവരം.
നവംബർ 10-ന് നടന്ന സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. വിബിഐഇഡി ( വാഹനം ഉപയോഗിച്ചുള്ള സ്ഫോടകവസ്തു) ഉപയോഗിച്ചുള്ള സില്ലിയിലെ ആദ്യ ആക്രമണമായിരുന്നു ഇത്. ചാവേർ ഡോ. ഉമർ മുഹമ്മദും സ്ഫോടനത്തിൽ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

