ദില്ലി ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ വാങ്ങിയത് നേപ്പാളിൽ നിന്നെന്ന് കണ്ടെത്തൽ.ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് സംഘം നേപ്പാളിൽ നിന്ന് വാങ്ങിയത്. ഏഴ് ഫോണുകളിലായി 17 സിം കാർഡുകളാണ് സംഘം മാറി മാറി ഉപയോഗിച്ചിരുന്നത്. ഇതിൽ ആറെണ്ണം കൺപൂരിൽ നിന്നാണ് വാങ്ങിയത്. സിം കാർഡുകൾ സംഘടിപ്പിച്ചു നൽകിയ ആളും കസ്റ്റഡിയിലാണ്. സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് വരെയും ഉമർ മുഹമ്മദുമായി ഭീകര സംഘത്തിലെ മറ്റുള്ളവർ സംസാരിച്ചിരുന്നു. ഇവർ പിന്നീട് അറസ്റ്റിലായിട്ടുണ്ട്. പർവേശ്, മുഹമ്മദ് ആരിഫ്, ഫാറൂഖ് അഹമ്മദ് ദാർ എന്നിവരാണ് ഉമറുമായി ബന്ധപ്പെട്ടത്.
ജെയ്ഷ് മുഹമ്മദ് ഭീകരസംഘടനയുടെ വനിതാ വിഭാഗം നേതാവായ ഷഹീൻ സയീദിന്റെ സഹോദരനാണ് പർവേശ്. കൺപൂരിലെ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിദ്യാർത്ഥിയാണ് മുഹമ്മദ് ആരിഫ്, കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഫാറൂഖ് അഹമ്മദ്. നവംബർ എട്ടിന് രാവിലെ ഷഹീൻ ഉമറുമായി സംസാരിച്ചിരുന്നതായാണ് വിവരം. പ്രതികളുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അൽ ഫലാ സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദിന് ദില്ലി പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

