ദില്ലി : ഡിറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ച പ്രകാരം ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കിയതായി എയർ ഇന്ത്യ. പരിശോധനയിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും വിമാനക്കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയ്ക്ക് ഡിജിസിഎ ഉത്തരവിട്ടത്.
അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ സ്വമേധയാ മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് അബദ്ധത്തില്‍ കട്ട് ഓഫ് പൊസിഷനിലാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിരുന്നു. ഇതോടെ ജൂണ്‍ 14-ന് ഡിജിസിഎ, ജൂലായ് 21-നകം ചില വിമാന മോഡലുകളിലെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു. ബോയിങ് വിമാനങ്ങളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം സുരക്ഷിതമാണെന്ന് അമേരിക്കൻ ഏജൻസിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ), ബോയിങ്ങും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

