ബെംഗുളുരു : ധർമ്മസ്ഥലയിലെ വ്യാജ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിൽ നിന്നുള്ള സിപിഐ. രാജ്യസഭ എം.പി. പി. സന്തോഷ് കുമാറിലേക്കും സംശയമുന നീളുന്നതായിറിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമമായ ‘ഓർഗനൈസർ’ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ നടന്ന ഗൂഢാലോചനയിൽ എം.പിക്ക് പങ്കുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘംപരിശോധിച്ചുവരുന്നതായാണ് സൂചന.
ധർമ്മസ്ഥലയിലെ ധർമ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെയെയും ക്ഷേത്രത്തെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന പ്രചാരണങ്ങളാണ് കേസിലേക്ക് നയിച്ചത്. ശുചീകരണ തൊഴിലാളിയായ ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ധർമ്മസ്ഥലയിൽ നിന്നുള്ളതാണെന്ന് വ്യാജമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. തലയോട്ടി തനിക്ക് നൽകിയത് ഗിരീഷ് മട്ടന്നവറാണെന്ന് മറ്റൊരു പ്രതിയായ ടി. ജയന്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. എന്നാൽ, ഗിരീഷ് മട്ടന്നവർ ഈ ആരോപണം നിഷേധിച്ചു.
ഇവർ ഈ തലയോട്ടി കേരളത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് പി. സന്തോഷ് കുമാർ എം.പിയിലേക്ക് അന്വേഷണം നീളുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ധർമ്മസ്ഥലയെ കുറിച്ച് ദുരൂഹത പരത്താൻ മനാഫ് പ്രധാന പങ്ക് വഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ജൂലൈ 11-ന്, കാട്ടിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തുന്ന വീഡിയോ മനാഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയും ധർമ്മസ്ഥലയിലെ കൂട്ടക്കൊലകളുടെ തെളിവാണെന്ന് വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്തു. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താനായി മനാഫും ജയന്തും ചേർന്ന് മനപ്പൂർവ്വം ഈ വീഡിയോ തയ്യാറാക്കിയതാണെന്ന് എസ്.ഐ.ടി. സംശയിക്കുന്നു. കൂടാതെ, മനാഫ് മഹേഷ് തിമറോഡിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് പി. സന്തോഷ് കുമാർ എം.പിയുടെ പേരും ഉയർന്നുവന്നിരിക്കുന്നത്. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.

