കണ്ണൂർ: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഗൂഡാലോചന നടത്തിയത് സിപിഐ എം പി, പി സന്തോഷ് കുമാറെന്ന് കന്നഡ മാദ്ധ്യമങ്ങൾ. എസ് ഐ ടി അന്വേഷണത്തിൽ ഇത് സംബന്ധിച്ച സൂചനകൾ കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. വ്യാജ ആരോപണങ്ങൾക്ക് ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ കേരളത്തിൽ എത്തിയിരുന്നതായും പി സന്തോഷ് കുമാർ എം പി യെ സന്ദർശിച്ച് ഗൂഢാലോചന നടത്തിയതായും ആരോപണം ഉയരുന്നുണ്ട്. ധർമ്മസ്ഥല കൊലപാതകങ്ങളിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് എം പി യുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയെ മഞ്ജുനാഥ ക്ഷേത്രത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചത് ഹിന്ദു ഭീകരത രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്ന് പ്രചരിപ്പിക്കാനാണോ എന്ന സംശയവും ഉയരുകയാണ്.
എന്നാൽ ക്ഷേത്രത്തിനെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നു പറഞ്ഞ് ആരോപണങ്ങൾ നിഷേധിക്കുന്ന സന്തോഷ്‌കുമാർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതായും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ കേരളത്തിൽ എത്തി തന്നെ വന്ന് കണ്ടതായും സ്ഥിരീകരിക്കുന്നുണ്ട്. എ ഐ വൈ എഫ് മുൻ ജനറൽ സെക്രട്ടറിയും അദ്ധ്യക്ഷനായിരുന്നു പി സന്തോഷ് കുമാർ. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്നിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറായിരുന്ന പി സന്തോഷ് കുമാർ നിലവിൽ സിപിഐ നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പറും 2022 ഏപ്രിൽ മുതൽ രാജ്യസഭാ എം പിയുമാണ്.
അതേസമയം ധർമ്മസ്ഥല കേസിൽ എസ് ഐ ടി അന്വേഷണം പുരോഗമിക്കുകയാണ്. ക്ഷേത്രത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്തുവന്ന ചിന്നയ്യ എന്ന ശുചീകരണ തൊഴിലാളിയും സുജാത ഭട്ട് എന്ന വ്യാജ സി ബി ഐ ഉദ്യോഗസ്ഥയും ഇപ്പോൾ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. ഇവർക്ക് പിന്നിൽ പ്രവർത്തിച്ച ഗൂഡാലോചനക്കാരെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലേക്കെത്തുന്നത്. മറ്റൊരു മലയാളിയായ യുട്യൂബർ മനാഫ് അടക്കം ആറുപേരെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

