Saturday, December 20, 2025

ധര്‍മസ്ഥല: ദുരൂഹതയുടെ ചുരുളഴിക്കാൻ എസ്‌ഐടി ഔദ്യോഗിക അന്വേഷണം ആരംഭിച്ചു; ശുചീകരണത്തൊഴിലാളിയുടെ മൊഴിയെടുക്കും; നീക്കങ്ങൾ അതീവരഹസ്യമാക്കാൻ നിർദ്ദേശമെന്ന് സൂചന

മംഗളൂരു:1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നൂറിലധികം പെൺകുട്ടികളെയും യുവതികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയില്‍നിന്ന് മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഡിജിപി പ്രണവ് മൊഹന്തി, ഡിഐജി എം.എന്‍. അനുഛേദ്, എസ്.പി. ജിതേന്ദ്രകുമാര്‍ ദയാമ എന്നിവര്‍ക്ക് പുറമേ വിവിധ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടക്കം 20 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. ഡിഐജി അനുഛേദും എസ്.പി. ജിതേന്ദ്രകുമാറും കഴിഞ്ഞദിവസം തന്നെ മംഗളൂരുവിലെത്തി രണ്ടുതവണ യോഗം വിളിച്ചിരുന്നു.
ബെല്‍ത്തങ്കടി പോലീസ് സ്‌റ്റേഷന് സമീപത്തായി പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസ് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അതീവരഹസ്യമായിട്ടായിരിക്കും പ്രത്യേകഅന്വേഷണസംഘത്തിന്റെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട യോഗങ്ങളെക്കുറിച്ചോ അന്വേഷണവിശദാംശങ്ങളോ മറ്റുനീക്കങ്ങളോ പുറത്തുപോകരുതെന്ന് എസ്‌ഐടി അംഗങ്ങള്‍ക്ക് കര്‍ശനനിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.

Related Articles

Latest Articles