മുംബൈ : ക്രിക്കറ്റിൽ അംപയറുടെ തീരുമാനം ശരി തന്നെയാണോ എന്ന് പരിശോധിക്കാൻ അവസരം നൽകുന്ന ‘ഡിആർഎസ്’ സംവിധാനത്തെ ധോണി റിവ്യു സിസ്റ്റമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. അംപയറുടെ തീരുമാനം തെറ്റാണെങ്കിൽ അത് ചോദ്യം ചെയ്ത് റിവ്യൂ പോകാനും കൃത്യമായി ഔട്ട് കണ്ടെത്താനുമുള്ള ധോണിയുടെ കഴിവാണു ഇത്തരമൊരു വിശേഷണത്തിന് കാരണം. ഐപിഎല്ലിൽ അംപയറുടെ തീരുമാനത്തിനെതിരെ റിവ്യൂ പോയി വീണ്ടും വിജയിച്ചിരിക്കുകയാണ് എം.എസ്. ധോണി.
ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് -ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനെയാണ് സംഭവം. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടെ മത്സരത്തിന്റെ എട്ടാം ഓവറിൽ ചെന്നൈ താരം മിച്ചൽ സാന്റ്നര്‍ എറിഞ്ഞ പന്തിൽ സ്വീപ് ഷോട്ട് കളിക്കാനായിരുന്നു മുംബൈയുടെ ടി 20 സ്പെഷ്യലിസ്റ്റ് ബാറ്റർ സൂര്യകുമാര്‍ യാദവിന്റെ ശ്രമം. എന്നാൽ ലെഗ് സൈഡിലേക്കു വന്ന പന്തിൽ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ധോണി ക്യാച്ചെടുത്തു. എന്നാൽ വിക്കറ്റിനായി താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ വിക്കറ്റ് അനുവദിച്ചില്ല.
തുടർന്ന് ധോണി റിവ്യൂവിന് പോയി. ഇതോടെ പന്ത് സൂര്യയുടെ ഗ്ലൗവിൽ തട്ടിയെന്നു റിപ്ലേയിൽ വ്യക്തമായി. തുടർന്ന് രണ്ട് പന്തിൽ ഒരു റൺ മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായി. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

