ബ്യൂണസ് അയേഴ്സ്: ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ തിരക്കിലാണ് . ലോകകിരീടം നേടിയതിന്റെ സന്തോഷത്തിൽ അർജന്റീനയിൽ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയാണ്. അർജന്റീനയുടെ സ്റ്റാർ മിഡ്‌ഫീൽഡർ എയ്ഞ്ചൽ ഡി മരിയ ആരാധകർക്കായി ക്രിസ്തുമസ് ആശംസകൾ നേർന്നുകഴിഞ്ഞു. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന അദ്ദേഹം പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു ആരാധകർക്ക് ആശംസകൾ നേർന്നത് .
ലോകചാമ്പ്യൻമാരായതിന് ശേഷമുള്ള ക്രിസ്തുമസ് ആയതിനാൽ ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി മധുരമാണുള്ളതെന്ന് ഡി മരിയ പറഞ്ഞു.ഭീമൻ ലോകകപ്പ് ട്രോഫിയാണ് ക്രിസ്മസ് ട്രീയായി ഡി മരിയ വീട്ടിൽ അണിയിച്ചൊരുക്കിയത് . ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. “എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.. പ്രിയപ്പെട്ടവരോടൊപ്പം ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളോരോരുത്തരും നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ആശംസാ പോസ്റ്റിന് കീഴിൽ ലയണൽ മെസ്സിയും കമന്റ് രേഖപ്പെടുത്തി. മനോഹരമായ കുടുംബം, ക്രിസ്തുമസ് ആശംസകൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

