ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
സ്വർണ്ണം പൂശിയ തകിടുകളെ ചെമ്പ് തകിടുകൾ എന്ന് മാത്രമാണ് 2019ലെ മഹസർ രേഖകളിൽ പരാമർശിച്ചത്. നേരത്തെ സ്വർണ്ണം പൂശിയതിന്റെ വിശദാംശങ്ങൾ ഒന്നുമില്ല. ഇത് അസാധാരണമാണെന്നും ക്രമക്കേടുകൾ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സ്വർണ്ണം പൂശിയതിന്റെ വിശദാംശം മഹസറിൽ ഇല്ല. സ്വർണപ്പാളിയെ മഹസറിൽ ചെമ്പാക്കിയത് ക്രമക്കേടിലെ വ്യക്തമായ സൂചനയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട പരാതികളും പ്രത്യേക സംഘം അന്വേഷിക്കും.
2019ൽ ഉണ്ണികൃഷ്ണൻ പോറ്റി മുന്‍ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അയച്ച ഇമെയിൽ വിശദാംശങ്ങളിലാണ് കോടതി ഞെട്ടലും സംശയവും രേഖപ്പെടുത്തുന്നത്. 2019-ല്‍ ദ്വാരപാലക ശില്‍പങ്ങളിലും വാതിലിലും പൂശിയശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ട് എന്നും അത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയില്‍ സന്ദേശത്തിലൂടെ പത്മകുമാറിനെ അറിയിച്ചത്.
സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന് സന്ദേശമയച്ചിരിക്കുന്നത്. ഞാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന മെയിലില്‍, താന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളും വാതിലും സ്വര്‍ണം പൂശിയെന്നും ബാക്കിവന്ന കുറച്ച് സ്വര്‍ണം തന്റെ കൈവശമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഈ സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണം വേണമെന്നുമാണ് ഉണ്ണികൃഷ്ണന്‍ മെയിലില്‍ പറയുന്നത്.
ഇതില്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ഉണ്ടായിട്ടുണ്ട്. അതുസംബന്ധിച്ച് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയം, ഉണ്ണികൃഷ്ണന്റെ കൈയില്‍ ബാക്കി വന്നു എന്ന് പറയപ്പെടുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളില്ല എന്നത് ഞെട്ടിച്ചുവെന്ന് കോടതി വ്യക്തമാക്കി.

