കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പോലീസ് വിട്ടയച്ചു. ഇന്നലെ രാത്രി കരുതൽ തടങ്കൽ എന്ന നിലയിൽ കസ്റ്റഡിയിലെടുത്ത ബണ്ടിക്കെതിരെ നിലവിൽ സംസ്ഥാനത്ത് കേസുകളില്ലാത്തതിനാലും ഇയാൾ വന്നതിന്റെ ഉദ്ദേശ്യം അന്വേഷിച്ച് ബോധ്യപ്പെട്ടതിനാലുമാണ് വിട്ടയച്ചത്.
അന്തരിച്ച അഭിഭാഷകനായ ബി.എ. ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോർ പോലീസിന് നല്‍കിയ മൊഴി. ബി.എ. ആളൂര്‍ മരിച്ച വിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം ശരിയാണെന്ന് പോലീസ് ഉറപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബണ്ടിചോർ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പിന്നാലെ ഇയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് കേരളത്തില്‍ വന്നതെന്നായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം. അഭിഭാഷകനായ ആളൂരിനെ കാണാനാണെന്നും മുന്‍പുണ്ടായിരുന്ന ഒരുകേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാനെത്തിയതാണെന്നും ബണ്ടിചോർ പറഞ്ഞത്. എന്നാല്‍, ഇന്നലെ രാത്രി പോലീസിന് ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ ബണ്ടിചോർ കസ്റ്റഡിയില്‍ തുടര്‍ന്നു. ഇന്ന് രാവിലെ അന്തരിച്ച ബി.എ. ആളൂരിന്റെ സഹപ്രവര്‍ത്തകരെ പോലീസ് ബന്ധപ്പെട്ടു. ഇതോടെയാണ് ബണ്ടിചോർ നല്‍കിയ മൊഴി സ്ഥിരീകരിച്ചത്. വസ്‌ത്രങ്ങളടങ്ങിയ ബാഗ് മാത്രമാണ് ബണ്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി എഴുനൂറിലധികം കവര്‍ച്ചകേസുകളില്‍ പ്രതിയാണിയാൾ. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ വീട്ടില്‍ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തെ തടവ് അനുഭവിച്ചാണ് പുറത്തിറങ്ങിയത്. വീണ്ടും മോഷണം തുടർന്ന ബണ്ടി ചോറിനെ 2023ൽ യുപിയില്‍നിന്ന് ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.

