ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര്‍ എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തില്‍ അഹങ്കാരിയെന്നു പരാമര്‍ശിച്ചത് പ്രധാനമന്ത്രി മോദിയെ സൂചിപ്പിച്ചാണെന്ന പ്രചാരണം തള്ളിക്കൊണ്ടാണ് ആര്‍ എസ് എസ് വിശദീകരണം. ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും ആര്‍എസ്എസ് തള്ളി.
ബി.ജെ.പിയുമായി തര്‍ക്കമില്ലെന്നും യഥാര്‍ഥ പ്രവര്‍ത്തകര്‍ അഹങ്കാരികളാകില്ലെന്ന് കഴിഞ്ഞദിവസം സര്‍സംഘ് ചാലക് നടത്തിയ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ മറ്റു മുതിര്‍ന്ന നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി്. ഭാഗവതിന്റെ പരാമര്‍ശം ബിജെപി പാര്‍ട്ടി നേതൃത്വത്തെയോ പ്രധാനമന്ത്രി നരേന്ദ്രനെയോ ലക്ഷ്യം വച്ചുള്ളതാണെന്നത് പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണമാണ് . സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ആര്‍ എസ് എസ് വിശദീകരിച്ചു.
ഒരു യഥാര്‍ത്ഥ ‘സേവകന്‍’ ജോലി ചെയ്യുമ്പോഴും മാന്യത പിന്തുടരും ‘ഞാനാണ് ഈ ജോലി ചെയ്തു തീര്‍ത്തത്’ എന്ന് പറയാനുള്ള അഹങ്കാരം സേവകനുണ്ടാവില്ല. ആ വ്യക്തിയെ മാത്രമേ യഥാര്‍ത്ഥ ‘സേവകന്‍ എന്ന് വിളിക്കാന്‍ കഴിയൂ. എന്നാണ് നാഗ് പൂര്‍ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഈ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ദേശീയ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള പ്രസംഗത്തില്‍ പ്രധാനപ്പെട്ട ആ സംഭവത്തെ പരാമര്‍ശിക്കാന്‍ ബാധ്യസ്ഥമാണല്ലോ, ആര്‍ എസ് എസ് വിശദീകരിക്കുന്നു. ‘
‘എന്നാല്‍ അത് തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി സന്ദര്‍ഭത്തില്‍ നിന്ന് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘അഹങ്കാര’ പരാമര്‍ശം ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അല്ലെങ്കില്‍ ഏതെങ്കിലും ബി ജെ പി നേതാവിനെയോ ഉദ്ദേശിച്ചല്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രകടനവുമായി ബന്ധപ്പെട്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശത്തോടും ആര്‍എസ്എസ് വിയോജിച്ചു. ഇത് ഔദ്യോഗിക നിലപാടല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോടു യോജിക്കുന്നില്ലെന്നും ആര്‍ എസ് എസ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് RSS തലവന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് വിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ ആദിത്യനാഥും ഭാഗവതും ചര്‍ച്ച ചെയ്തേക്കും. യുപിയിലെ ചിയുതാഹ ഏരിയയിലെ എസ്വിഎം പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സംഘ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകരെ മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്തു. വാരണാസി, ഗോരഖ്പൂര്‍, കാണ്‍പൂര്‍, അവധ് മേഖലകളില്‍ സംഘത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന 280 ഓളം സന്നദ്ധപ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘത്തിന്റെ വിപുലീകരണത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.
ബി.ജെ.പി. ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പങ്കെടുക്കുന്ന വാര്‍ഷിക ഏകോപനസമിതിയോഗം ഓഗസ്റ്റ് 31 മുതല്‍ മൂന്നുദിവസം പാലക്കാട്ട് നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

