ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബ്രസീലിൽ നടക്കുന്ന ഒൻപതാമത് ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കിഴക്കൻ ലഡാക്കിലെ സംഘർഷകേന്ദ്രങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച നടപടിയുടെ പുരോഗതി കൂടിക്കാഴ്ചയിൽ ചർച്ചയായതായി എസ്.ജയ്ശങ്കർ എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത ഘട്ടത്തിനുള്ള കാഴ്ചപ്പാടുകളും വീക്ഷണവും കൈമാറിയതായും നിലവിലെ ആഗോള സാഹചര്യം ചർച്ച ചെയ്തതായും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടർന്ന് കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും സംഘർഷകേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചത്.

