Sunday, December 14, 2025

നയതന്ത്ര തലത്തിൽ കത്ത് ! ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ; ഹസീന വിചാരണ നേരിടണമെന്ന് ഇടക്കാല സർക്കാർ

ദില്ലി: ഇന്ത്യയിൽ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. ഇക്കാര്യം ഉന്നയിച്ച് നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ രാജ്യം വിടേണ്ടി വന്ന ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ബ്രിട്ടനിലനടക്കം രാഷ്ട്രീയ അഭയം തേടാൻ ശ്രമിച്ചുവെങ്കിലും ഹസീനയെ സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഇന്ത്യയിലുണ്ടെങ്കിലും ഷെയ്ഖ് ഹസീനയുടെ ഒരു വിവരവും സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഹിന്ദുക്കള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന അതിക്രമത്തില്‍ ഷെയ്ഖ് ഹസീന നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതും ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles