കൊച്ചി : മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മോഹൻ സംവിധാനം ചെയ്ത വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമകൾ മലയാള സിനിമ അന്നോളം കാണാത്ത ശൈലി പിന്തുടരുന്നവയായിരുന്ന . രണ്ട് പെൺകുട്ടികളിലൂടെ മലയാള സിനിമ അതുവരെ ദർശിക്കാത്ത പ്രമേയത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധനേടിയ ചിത്രങ്ങൾ. 2005 ൽ പുറത്തിറങ്ങിയ കാമ്പസ് ആണ് അവസാന ചിത്രം.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. പിതാവിന്റെ സുഹൃത്ത് വഴി സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെ അസിസ്റ്റന്റായി. ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയി. മോഹന്റെ സിനിമകളിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിർമ്മാതാവായി മാറി.
മോഹൻ സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).
അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

