Sunday, December 21, 2025

മലയാളം ശീർഷകങ്ങൾ ഇല്ലാതെ മലയാളത്തിൽ ഹിറ്റുകൾ തീർത്ത ഹിറ്റ് മേക്കർ ; ജന്മം മുഴുവൻ പ്രേക്ഷകരെ ചിരിപ്പിച്ച ചിരിച്ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് വിട പറഞ്ഞു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) വിടവാങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം നാളെ രാവിലെ 9 മുതൽ 12 വരെയുള്ള കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന്ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം ആറിന് എറണാകുളം സെന്റട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.

1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് സിനിമയിലേക്ക് എത്തിക്കുന്നത്. ലാലിനൊപ്പം ചേർന്ന് 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ചു. റാംജി റാവു സ്പീക്കിങ്ങിൽ ലാലുമായി തുടങ്ങിയ സംവിധാന കൂട്ടുകെട്ട് 1994ല്‍ കാബൂളിവാല വരെയും നീണ്ടു. നാടോടിക്കാറ്റ് ചിത്രത്തിൻറെ തിരക്കഥാ രചനയിൽ പങ്കാളിയായും പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥയെഴുതിയും സിദ്ദിഖ് ലാൽ കൂട്ടുകെട്ട് തിളങ്ങി. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് ഡയറക്ടറായും അദ്ദേഹം തിളങ്ങി മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Related Articles

Latest Articles