ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരത്തിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടി. രണ്ട് സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തു. സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.
നിയമപ്രകാരം സ്‌കാനിങിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നുംതന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഈ സ്‌കാനിങ് സെന്ററുകളിലെത്തി ഇന്ന് രേഖകള്‍ പരിശോധിച്ചിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം തുടര്‍നടപടികളും ഉണ്ടാകും.

