കാഠ്മണ്ഡു: പ്രക്ഷോഭത്തിലൂടെ ഭരണകൂടത്തെ താഴെയിറക്കി ചരിത്രം സൃഷ്ടിച്ച നേപ്പാളിലെ യുവതലമുറ (ജെൻ-സി) പ്രക്ഷോഭകർക്കിടയിൽ രൂക്ഷമായ ഭിന്നത. പുതിയ സർക്കാരിനെ പൊതു തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതുവരെ രാജ്യത്തെ നയിക്കാനുള്ള ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തെരുവിൽ പ്രതിഷേധക്കാർ തമ്മിലുള്ള തമ്മിലടിയിലേക്ക് നയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവരും, കുൽമൻ ഘിസിങ്ങിനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് വിവരം.
നിലവിലെ രാഷ്ട്രീയ നേതൃത്വത്തിന് പകരം പുതിയൊരു മുഖത്തെ ഇടക്കാല പ്രധാനമന്ത്രിയായി കണ്ടെത്താനാണ് പ്രക്ഷോഭകർ ശ്രമിക്കുന്നത്. എന്നാൽ ഈ സ്ഥാനത്തേക്ക് പല പേരുകളും ഉയർന്നുവന്നതോടെ സമവായം കണ്ടെത്താൻ സാധിക്കാതെ വരികയാണ്.
രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായ സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. എന്നാൽ, പ്രായം (73 വയസ്സ്) ചൂണ്ടിക്കാട്ടിയും, വിരമിച്ച ജഡ്ജിമാർ പ്രധാനമന്ത്രി സ്ഥാനത്ത് വരുന്നത് ഭരണഘടനാപരമായി സാധുതയില്ലെന്ന് വാദിച്ചും ഒരു വിഭാഗം ഇവരെ എതിർക്കുന്നു. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുൻ മേധാവിയായ കുൽമൻ ഘിസിങ്ങിൻ്റെ (54 വയസ്സ്) പേരും സജീവമാണ്. വർഷങ്ങളോളം നേപ്പാളിനെ വലച്ച വൈദ്യുതി മുടക്കം അവസാനിപ്പിച്ച് ജനപ്രിയനായ നേതാവാണ് ഇദ്ദേഹം. രാഷ്ട്രീയമായ താൽപര്യങ്ങളില്ലാത്ത സാങ്കേതിക വിദഗ്ദ്ധൻ എന്ന നിലയിൽ ഇദ്ദേഹത്തെ യുവതലമുറയിലെ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നു.

