Wednesday, December 24, 2025

ചര്‍ച്ചകള്‍ ആരംഭിച്ചു.. പ്രധാനമന്ത്രി 45 ദിവസത്തിനകം അനന്തപുരിയിലെത്തും ! കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി വി രാജേഷ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി വി രാജേഷ്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസുമായി അതിനുവേണ്ട ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.

“തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് കോര്‍പറേഷനില്‍ കണ്ടത്. ഇത് ജനങ്ങളുടെ വിജയമാണ്. ബിജെപി ഉള്‍പ്പെടെയുള്ള നിരവധി ദേശീയ പ്രസ്ഥാനങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്തിട്ടുള്ളത്. ആശയപരമായ ഒരു സ്വപ്‌നം മുന്നില്‍വെച്ചുകൊണ്ട് കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ഒരുപാട് നഷ്ടങ്ങള്‍ സഹിച്ച് പാര്‍ട്ടിയെ കൊണ്ടുനടന്ന പ്രവര്‍ത്തകരുണ്ട്. ഇത് അവരുടെ വിജയമാണ്.

അമ്പതല്ല 75 സീറ്റുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. പ്രതിസന്ധികള്‍ പ്രതീക്ഷിച്ചുതന്നെയാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ടുപോകും. കേരളത്തെ സംബന്ധിച്ച്, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പൂച്ചയ്ക്ക് തിരുവനന്തപുരം മണികെട്ടും.

തിരുവനന്തപുരം മേയര്‍ ആരായിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറയും. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു ഭരണസമിതിയായിരിക്കും കോര്‍പറേഷനില്‍ അധികാരത്തില്‍വരിക. സംസ്ഥാന കമ്മിറ്റി കൂടി വേണ്ട തീരുമാനം എടുക്കുകയും സംസ്ഥാന അധ്യക്ഷന്‍ കൃത്യമായ സമയത്ത് അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യും”- വി വി രാജേഷ് പറഞ്ഞു.

Related Articles

Latest Articles