ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ സമാധാനാന്തരീക്ഷത്തിന്റെ സൂചന നൽകി സേനാ പിന്മാറ്റം പൂർത്തിയായി. ഡെപ് സോങിലും ഡെംചോക്കിലും സേനാ പിന്മാറ്റം പൂർത്തിയായതായി ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഡെപ് സാങിൽ ഇന്നലെ ഏരിയൽ വെരിഫിക്കേഷൻ പൂർത്തിയായിരുന്നു. ഡെംചോക്ക് മേഖലയിൽ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ച ഏരിയൽ വെരിഫിക്കേഷൻ ഇന്ന് പൂർത്തിയാക്കും. പെട്രോളിംഗ് നടപടികൾ നാളെ ആരംഭിക്കും.
ഇരു സേനകളും മേഖലയിൽ നിർമ്മിച്ച ടെന്റുകളും മറ്റ് സംവിധാനങ്ങളും സേനാ പിന്മാറ്റത്തിന്റെ ഭാഗമായി നീക്കം ചെയ്തിട്ടുണ്ട്. സൈനിക വാഹനങ്ങളും വാഹനങ്ങൾക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും മേഖലയിൽ നിന്ന് മാറ്റും. 2020 ന് മുമ്പുള്ള സാഹചര്യത്തിലേക്ക് അതിർത്തി പ്രദേശങ്ങളെ മാറ്റാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. ഇരു സേനകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉടൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. അതിന് ശേഷം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സേനാ പിന്മാറ്റം സ്ഥിരീകരിക്കും. തുടർന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റം സ്ഥിരീകരിക്കും. സേനാ പിന്മാറ്റം നടന്ന അതിർത്തി മേഖല ഇന്ത്യ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് നിരീക്ഷണം. മേഖലയിൽ ഇരു രാജ്യങ്ങളും ജാഗ്രത പ്രഖ്യാപിച്ചിട്ടുമുണ്ട്.
വിദേശകാര്യ മന്ത്രി തലത്തിലും, ഉദ്യോഗസ്ഥ തലത്തിലും സൈനിക തലത്തിലും നടന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും സേനയെ പിൻവലിക്കാൻ ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചകോടിയിൽ ഒരുമിച്ച് പങ്കെടുക്കുന്നതിന് തൊട്ടുമുന്നെയാണ് അതിർത്തിയിൽ നിർണ്ണായക ധാരണയെത്തിയത്. പിന്നാലെ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കണ്ട് ചർച്ച നടത്തിയിരുന്നു. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിൽക്കണ്ടത്.

