ധര്‍ചുല : അവധി അനുവദിക്കാത്തതു സംബന്ധിച്ചുണ്ടായ തർക്കത്തിൽ ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധര്‍ചുല മാനേജരായ മുഹമ്മദ് ഒവൈസ് (55) ആണ് കൊലപാതക ശ്രമത്തിനിരയായത്. 30 ശതമാനം പൊള്ളലേറ്റ ഇയാളെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിമുക്തഭടൻ കൂടിയായ ദീപക് ഛേത്രിയെ (48) പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ഇന്നലെ രാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ധര്‍ചുലയിലെ ശാഖയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ദീപക്. ഇന്നലെ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ദീപക് ബാങ്കിലെത്തുകയും മാനേജറിന്റെ ക്യാബിനിലെത്തി മുഹമ്മദ് ഒവൈസിയോട് അവധി ആവശ്യപ്പെടുകയും പിന്നാലെ തര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നാലെ കയ്യില്‍ കരുതിയ പെട്രോള്‍ ഒവൈസിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ക്യാബിനിൽ തീ ആളിപടരുന്നത് കണ്ട് ഓടിയെത്തിയ മറ്റു ജീവനക്കാരാണ് ഒവൈസിയെ ആശുപത്രിയിലെത്തിച്ചതും പൊലീസിനെ വിവരമറിയിച്ചതും. ഛേത്രിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

