പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റാന്നി സ്വദേശിയായ അനിലാണ് തർക്കത്തിനൊടുവിൽ കൊല്ലപ്പെട്ടത്. മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ അനിലിന്റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനിലിന്റെ കടയിലെത്തി കാരറ്റിന് വലിയ വിലയാണെന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്. ഇതിന് ശേഷം മടങ്ങിപ്പോയവർ വീണ്ടും കടയിലേക്ക് തിരിച്ചെത്തി വടിവാൾ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിൽ മരണപ്പെട്ടു. മൃതദേഹം റാന്നിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

