ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് ഡിഎംകെ. പാര്‍ട്ടി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ തിങ്കളാഴ്ച ചെന്നൈയില്‍ മണ്ഡലം നിരീക്ഷകരുടെ യോഗം വിളിച്ചു. കഴിഞ്ഞ മാസം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മകന്‍ ഉദയനിധി സ്റ്റാലിനും മുതിര്‍ന്ന നേതാക്കളായ കെ.എന്‍ നെഹ്റു, തങ്കം തെന്നരസു, ഇ.വി വേലു എന്നിവരും ഉള്‍പ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഏകോപന സമിതി ഡിഎംകെ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ് ഡിഎംകെയുടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കിയത്.
വിജയിയുടെ ജനപ്രീതിമൂലം മറ്റ് സിനിമാ താരങ്ങളിൽ നിന്ന് വിഭിന്നമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അതീവ ഗൗരവത്തോടെയാണ് ഡിഎംകെ നോക്കികാണുന്നത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനം പോലും വിജയിക്കെതിരായ പാർട്ടിയുടെ നീക്കങ്ങളുടെ ഭാഗമായാണ്.

