ചെന്നൈ : തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ ഡിഎംകെ തീരുമാനിച്ചു. ഈ ആഴ്ച തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു.നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയിൽ തിളങ്ങാനാവാതെ പോയ ഉദയനിധിയെ സ്റ്റാലിൻ ഇടപെട്ടാണ് രാഷ്ട്രീയത്തിൽ സജീവമാക്കിയത്. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി.
നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെ ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

