പാലക്കാട് : ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയ ഒറ്റയാൻ അരിക്കാമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാവശ്യപ്പെട്ട് നെന്മാറ എം.എല്‍.എ കെ. ബാബു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എം.എല്‍.എ കത്ത് നല്‍കി. അരികൊമ്പനെ പറമ്പിക്കുളത്തെത്തിക്കുന്ന തീരുമാനത്തിൽ ജനകീയ പ്രതിഷേധം നടത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ലഭ്യമല്ലാത്തതിനാൽ മിഷന്‍ അരിക്കൊമ്പന്‍ നീണ്ടേക്കുമെന്നാണ് കരുതപ്പെടുന്നത്. നടപടികൾ ഈസ്റ്റർ കഴിഞ്ഞാകും ആരംഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ജി.പി.എസ് സാറ്റ്‌ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പനിൽ ഘടിപ്പിക്കുക.പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ലഭ്യമല്ലാത്തതിനാൽ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ല.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്നാണ് പുറത്ത് വന്നത്. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും അരിക്കൊമ്പന് ആവശ്യമായ ഭക്ഷണവും വെള്ളവും പ്രദേശത്ത് ലഭ്യമാണെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.

