Friday, December 12, 2025

ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട ! പുതിയ ഓർഡിനൻസുമായി കർണാടക; രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് വിദഗ്ദര്‍

ബെംഗളൂരു: ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇത് സംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കും എന്നാണ് വിവരം. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത ശേഷം ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

പുതിയ ഓർഡിനൻസ് പ്രകാരം ലൈസന്‍സ് ഇല്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തുമായ മൈക്രോ ഫിനാന്‍സില്‍നിന്ന് കടം വാങ്ങുന്നയാളുടെപലിശ അടക്കമുള്ള എല്ലാ വായ്പകളും പൂര്‍ണമായി ഒഴിവാക്കും. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ഒരു സിവില്‍ കോടതിയും സ്വീകരിക്കില്ല. ഇത്തരം കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികള്‍ അവസാനിപ്പിക്കും.

പുതിയ നിയമപ്രകാരം കടം വാങ്ങുന്നയാള്‍ക്ക് മനസ്സിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിശദാംശങ്ങളും ഉള്ള വായ്പാ കാര്‍ഡുകള്‍ വായ്പ വാങ്ങുന്ന വ്യക്തിക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കണം. എല്ലാ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലും പലിശ വിവരങ്ങള്‍ സ്ഥാപിക്കണം. വായ്പയെടുക്കാന്‍ വരുന്നവരുമായി കന്നഡയില്‍ ആശയവിനിമയം നടത്തണം.നിര്‍ദിഷ്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ ലംഘനം ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യാം. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 30 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവര്‍ത്തനങ്ങള്‍, ലോണ്‍ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റര്‍ പുതുക്കേണ്ടവര്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

അതേസമയം രജിസ്റ്റര്‍ ചെയ്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയും ഓര്‍ഡിനന്‍സ് ബാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുതിയ ഓര്‍ഡിന്‍സ് രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോണ്‍ റിക്കവറിയെ ബാധിക്കുമെന്നും കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടുന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു

Related Articles

Latest Articles