ജമ്മു: കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യമുയർത്തുന്ന ഗുപ്കര്‍ സഖ്യത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ദോഗ്രാ സമുദായ സംഘടനകൾ. നിയന്ത്രണങ്ങൾ വകവെക്കാതെ, ഇന്ത്യയുടെ ദേശീയപതാക കൈകളിലേന്തിക്കൊണ്ടാണ് ദോഗ്രാ ഫ്രണ്ട് തെരുവിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള താഴ്‌വരയില്‍ റാലി നടത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി തിരികെ വാങ്ങി നല്‍കിയ ശേഷമേ താന്‍ മരിക്കുകയുള്ളുവെന്ന് അബ്ദുള്ള റാലിയിൽ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദോഗ്രാ ഫ്രണ്ട് രംഗത്തുവന്നിരിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി തിരികെ നല്‍കണമെന്ന് അവകാശപ്പെടുന്ന ഗുപ്കര്‍ മുന്നണിയില്‍ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികളാണുള്ളത്. സിപിഎം കശ്മീര്‍ ഘടകം സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമിയാണ് സഖ്യത്തിന്റെ കൺവീനർ.

