ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാൻ ഇപ്പോൾ. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നാണിച്ചിരിക്കുന്ന ഒരു ഹിമപ്പുലിയുടെ വീഡിയോ പങ്കുവച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ കൊടുംപട്ടിണിയ്ക്കും ദാരിദ്ര്യത്തിനുമിടയിൽ ഊർജ്ജ പ്രതിസന്ധി പതിന്മടങ്ങാക്കി പാകിസ്ഥാനിൽ കടുത്ത ഗ്യാസ് ക്ഷാമം (Gas Shortage In Pakistan) ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം പ്രാദേശിക ഗ്യാസ് നിർമ്മാതാക്കൾ നിയമക്കുരുക്കിൽപെട്ട് പദ്ധതി വികസനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. വൻ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് പല പദ്ധതിയ്ക്കും തുരങ്കം വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വിവിധ മേഖലകളിൽ ഗ്യാസ് കുഴിച്ചെടുക്കാനുള്ള കമ്പനികൾക്ക് ലൈസൻസ് ഉടൻ അനുവദിക്കണമെന്ന് ഇമ്രാൻഖാൻ ആവശ്യപ്പെട്ടു. ഉന്നതതലയോഗം വിളിച്ചാണ് ഇമ്രാൻഖാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. പാകിസ്ഥാനിൽ പാചകവാതക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇറക്കുമതി പരിമിതപ്പെടുത്തിയതാണ് വിനയായത്. ഇറാനിൽ നിന്നും എത്തേണ്ട ഇന്ധനത്തിൽ മെല്ലെപോക്ക് തുടരുകയാണ്. ഇതിനിടെ രാജ്യത്തെ ഖനനമേഖല കേന്ദ്രീകരിച്ച് ഗ്യാസ് ലഭ്യമാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കാനാണ് നിർദ്ദേശം. ഉന്നത തലയോഗം ചേർന്നാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻ സ്ഥിതിഗതികൾ ചർച്ച ചെയ്തത്.

