Saturday, December 13, 2025

ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുത് !!! വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിൽ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്ന കണക്ക് വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ നിർത്തി പൊരിച്ച് ഹൈക്കോടതി

കൽപ്പറ്റ : വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിൽ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്ന കൃതമായ കണക്ക് വ്യക്തമാക്കാത്തതിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാൻ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേന്ദ്രത്തോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്ക് വേണം. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ല. ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും കോടതി വിമര്‍ശിച്ചു.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Related Articles

Latest Articles