Saturday, December 13, 2025

കുഞ്ഞൻ രാജ്യങ്ങളോട് കാട്ടുന്നത് പോലെ ഭാരതത്തോട് പെരുമാറേണ്ട ! കൈപൊള്ളും !അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്

വാഷിംഗ്ടൺ ഡി സി : കുഞ്ഞൻ രാജ്യങ്ങളോട് കാണിക്കുന്നത് പോലെ ഇന്ത്യയോട് പെരുമാറിയാൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നയങ്ങൾ അമേരിക്കയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലെബനോൻ പോലുള്ള മധ്യേഷ്യൻ രാജ്യങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെയല്ല ഇന്ത്യയോട് ഇടപെടേണ്ടത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ദീർഘകാലമായി റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന ഇന്ത്യക്കെതിരെ താരിഫ് ഭീഷണി ഉയർത്തുന്ന ട്രമ്പിന്റെ നയം അമേരിക്കയ്ക്ക് പുതിയൊരു എതിരാളിയെ സൃഷ്ടിക്കും. ഇന്ത്യക്കെതിരെ സമ്മർദ്ദം തുടർന്നാൽ ബ്രിക്സ് പോലുള്ള ബദൽ സംഘടനകളോട് ഇന്ത്യ കൂടുതൽ അടുക്കാൻ ഇത് കാരണമാകും. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യ പുതിയ വിപണികൾ കണ്ടെത്തിയതുപോലെ ഇന്ത്യയും ചെയ്യും. അമേരിക്കയുമായുള്ള വ്യാപാരം കുറച്ച് ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം ഇന്ത്യ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ബ്രിക്സ് കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തും. ട്രമ്പിന്റെ നയങ്ങൾ ബ്രിക്സിനെ കൂടുതൽ ഒന്നിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യും”- റഷ്യൻ മാദ്ധ്യമപ്രവർത്തകൻ റിക് സാഞ്ചസുമായുള്ള അഭിമുഖത്തിൽ വോഫ് വ്യക്തമാക്കി.

.

വ്യാപാര കരാറിനായി ഇന്ത്യയെ നിർബന്ധിക്കാൻ അമേരിക്ക ആദ്യം 25% നികുതി ചുമത്തിയിരുന്നു. ഇതിന് പുറമെ, റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വീണ്ടും 25% നികുതി കൂടി ചുമത്തി. ഈ സാഹചര്യത്തിലാണ് ട്രമ്പിന്റെ നയങ്ങൾ ഒടുവിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Related Articles

Latest Articles